കോട്ടയം: ലൈസൻസില്ലാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരേ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അംഗീകാരവും ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കാറ്ററർമാർക്കു മാത്രമല്ല, സാധാരണക്കാരായ ജനങ്ങൾക്കും ഭീഷണിയാണ്. ഇതു മറികടക്കാൻ കർശന ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എലിയാസ് സഖറിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ. പോൾ സ്വാഗതം ആശംസിച്ചു. കരുതൽ പദ്ധതിയുടെ മൂന്നാം ഘട്ടം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു.
കരുതൽ ട്രസ്റ്റ് ചെയർമാനും സംസ്ഥാന രക്ഷാധികാരിയുമായ പ്രിൻസ് ജോർജ്, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി.ബി. ബിനു, എഫ്എഐസി സൗത്ത് സോൺ വൈസ് ചെയർമാൻ ടി.കെ. രാധാകൃഷ്ണൻ, എഫ്എഐസി ദേശീയ അധ്യക്ഷൻ നരേന്ദ്ര സോമാനി, ദേശീയ ഉപാധ്യക്ഷൻ സുനിൽ സോൻഖിയ, സൗത്ത് സോൺ ചെയർമാൻ അതുൽ മേത്ത, എകെസിഎ സംസ്ഥാന രക്ഷാധികാരിമാരായ ബാദുഷ കടലുണ്ടി, വി.കെ. വർഗീസ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന ട്രഷറർ എം. ജെ. താഹ , സംസ്ഥാന വൈസ് പ്രസിഡന്റും കാറ്ററേഴ്സ് ഉത്സവ് പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ മനോജ് മാധവശേരിൽ, സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുമാർ ആതിര, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. കബീർ, വ്യാപാരി വ്യവസായി കോട്ടയം ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി, സജി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏറ്റുമാനൂരിൽ നടത്തിയ സൂപ്പർ ഷെഫ് മത്സരത്തിൽ വിജയികളായ കോഴിക്കോട് ജില്ലാ കമ്മിറ്റിക്കും രണ്ടാം സ്ഥാനം നേടിയ വയനാട് ജില്ലാ കമ്മിറ്റിക്കും മൂന്നാം സ്ഥാനം നേടിയ കോട്ടയം ജില്ലാ കമ്മിറ്റിക്കും മന്ത്രി മോൻസ് ജോസഫ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കാറ്ററേഴ്സ് ഉത്സവ് 2026 ജോയിന്റ് കൺവീനറും എകെസിഎ ജില്ലാ ജനറൽ സെക്രട്ടറിയുമായ ബിജു തോമസ്, ജോസ് ഫിലിപ്പ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. സമ്മേളനത്തിനുമുന്നോടിയായി പ്രകടനം നടന്നു.